മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Thursday, 9 June 2016

... ഓർമ്മകളുടെ ഓളപ്പരപ്പിൽ കിഴക്കിന്റെ വെനീസിലേക്ക് വീണ്ടും ഒരു യാത്രാ ...


സൗഹൃദത്തിന്റെ തീരങ്ങളിൽ

                                ഇതൊരു പുതിയ യാത്രാ ആയിരുന്നില്ല . മറിച്ച് ഒരായിരം ഓർമകളുടെ ഒരു പുതുക്കൽ മാത്രമായിരുന്നു . കോളേജ് ജീവിതകാലഘട്ടത്തിൽ പുതിയ സുഹൃത്തുകളോടോപ്പം നടത്തിയ ഞങ്ങളുടെ ആദ്യയാത്രായുടെ  സഞ്ചാരാവഴികളിലൂടെ ഒരു എത്തിനോട്ടം എന്ന് വേണമെങ്കിൽ അതിനെ വിളിക്കാമായിരുന്നു .  19 ജൂലൈ  2014  കുട്ടനാട് ,ആലപ്പുഴ, ഫോർട്ട്‌കൊച്ചി ,മട്ടാഞ്ചേരി , അർത്തുങ്കൽ , എടത്വാ ,അന്ധാകാരനാഴി ,തകഴി തുടങ്ങിയ സ്ഥലങ്ങളിലുടെയായിരുന്നു യാത്രാ അതിന്റെ ഓർമയിൽ പഴയ ചിത്രങ്ങൾ കണ്ടുകൊണ്ടു രസകരമായ നിമിഷങ്ങൾ ഓർത്തെടുക്കുന്നതിനിടയിൽ വെറുതെ ഞങ്ങൾ 5 പേരുടെ ( ദീപക് ,ജെയിംസ്‌, ജയശങ്കർ ,സിജോ 4 പേരെയും പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലെല്ലോ  ) മാത്രം വാട്ട്‌സ്അപ് ഗ്രൂപ്പായ ബിഗ്‌ബ്രദേസിൽ  വെറുതെ ഒരു മെസ്സേജ് ഇട്ടു നമ്മുടെ കുട്ടനാട് യാത്രാ ഒന്നുടെ പോയാലോ എന്ന്   ഇന്ന് തന്നെ പോയേക്കാം എന്നായി എല്ലാർക്കും , ആർക്കെങ്കിലും അസൗകര്യം പറയുമെന്ന് ധരിച്ച എനിക്ക് തെറ്റി . സമയം വൈകിയെന്നു പറഞ്ഞു ഞാൻ പയ്യെ ഒഴിഞ്ഞു ,വെള്ളിയാഴ്ചയാണ്  ശനി ഞായർ എല്ലാവർക്കും തിരക്ക് തിങ്കൾ ഫിക്സ് ചെയ്തു . പിന്നിട് ഗ്രൂപ്പ്‌ ശബ്ദിക്കുന്നത് തിങ്കൾ രാവിലെ 7 ആണ്  ദീപക്കിന്റെ മെസ്സേജ്   "ഇന്ന് ട്രിപ്പ്‌ അല്ലെ ? " യാത്രാ നടക്കില്ലന്നോർ ത്ത് ക്ലാസ്സിൽ പോകാനിരുന്ന ഞാൻ ഞെട്ടി . എങ്കിലും പറഞ്ഞു പോയേക്കാം , ചാടി ക്യാമറ ബാറ്ററി ചാർജിങ്ങ്   വച്ചു .  9 നു പാലായിൽ ചാർട്ട് ചെയ്തതനുസരിച്ച് എല്ലാവരും എത്തി  .


2 കൊല്ലം മുമ്പ് നടത്തിയ യാത്രയിൽ നിന്ന്

പാലാ > കുറവിലങ്ങാട് > കുറുപ്പുംന്തറ  >കല്ലറ  > തണ്ണീർമുക്കം  >  ആലപ്പുഴ > കുട്ടനാട്  >  എടത്വാ > മാരാരിബീച്ച് > അർത്തുങ്കൽ  > ഹാർബർ >  അന്ധാകാരനാഴി  > മട്ടാഞ്ചേരി  > ഫോർട്ട്‌കൊച്ചി  എന്നരിതിയിൽ  റൂട്ട് ചാർട്ട് ചെയ്തിരുന്നതിനാൽ ദീപക് പതിവുപോലെ  കുറവിലങ്ങാട് നിന്നും കൂടാം എന്നായി ഇന്റെർനൽ എക്സാം എഴുതാൻ  പോയ ആശാൻ പടിവരെ ചെന്നിട്ട്  കയറാതെ കോട്ടയത്ത് നിന്നും പറഞ്ഞ ടൈമിൽ സ്ഥലത്തെത്തി ഞങ്ങൾക്കൊപ്പം കൂടി അങ്ങനെ പഴയ ഓർമകളും വിശേഷങ്ങളും പങ്കുവച്ച് യാത്രാ തുടങ്ങി കല്ലറ അടുക്കുന്നതിനു മുമ്പ് ഒരു ലോറിയും പിക്ക് അപ്പ് ലോറിയും കൂട്ടിയിടിച്ചത് യാത്രയെ വഴിമുടക്കി  മണിക്കൂറുകൾ എടുക്കും അവ മാറ്റാൻ,   നാട്ടുകാരോട് സംസാരിച്ചു വേറെ വഴി അവർ ഞങ്ങൾക്ക് മുമ്പിൽ തുറന്നു തന്നു വളരെ ഇടുങ്ങിയ ഒരു വഴി  സ്വർഗത്തിലേക്കുള്ള പാത ഇടുങ്ങിയതും ഞെരുക്കമുള്ളതും കല്ലും മുള്ളും നിറഞ്ഞതാണ്‌ എന്നാണെല്ലോ . കഷ്ടിച്ചു ഒരു കാറിനു പോകാം എതിർദിശയിൽ വണ്ടി വന്നാൽ ഏതെങ്കിലും വീട്ടുമുറ്റം കാണുന്നതു വരെ ക്ഷമയുള്ളവർ പിന്നൊട്ട് പോണം ... ആ വഴി തിരഞ്ഞെടുത്തത് ഏറ്റവും വലിയ അബ്ധമായി തോന്നി കാരണം ഒരുപക്ഷെ മറുവശത്തുനിന്നും ആരെങ്കിലും മറ്റു വാഹനങ്ങളെ വഴിതിരിച്ചു ഇതു വഴി വിടാൻ സാധ്യതയേറെയാണ്  എന്തായാലും ദൈവം സഹായിച്ച് അങ്ങനെ ഒന്ന് ഉണ്ടായില്ല സുഖമായി മെയിൻ റോഡിൽ കയറി യാത്രാ തുടർന്നു ...

                                     11 മണി കഴിഞ്ഞതോടെ ആലപ്പുഴ ബീച്ചിൽ എത്തി പണ്ടും തുടക്കം ഇവിടെ തന്നെ ആയിരുന്നു . എന്നാൽ പഴയതിലും വ്യത്യസ്തമായി കടലമ്മയുടെ രൗദ്രഭാവമാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത് . 4-5 ആൾ ഉയരത്തിൽ കലിപൂണ്ട് കരയിലേക്ക് ആഞ്ഞടിക്കുന്ന അടിക്കുന്ന കൂറ്റൻ തിരമാലകൾ  ഉള്ളിൽ നല്ല പോലെ ഭയമുളവാക്കി കാരണം  പത്രങ്ങളിൽ  കടലാക്രമണവാർത്തകൾ എന്നും സ്ഥാനം പിടിച്ചിരുന്നു അതിനാലാവാം ആരും ഇറങ്ങുന്നില്ല എല്ലാം ദൂരെ നിന്ന് എല്ലാവരും നോക്കി കാണുകമാത്രമാണ് ചെയ്യുന്നത് .137 വര്‍ഷത്തോളം  പഴക്കമുള്ള കടല്‍പ്പാലമാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. ബീച്ചിലെ പഴക്കമേറിയ ലൈറ്റ് ഹൗസും പ്രധാനപ്പെട്ടമറ്റൊരു  കാഴ്ചയാണ്. തെങ്ങും കവുങ്ങുമെല്ലാം നിറഞ്ഞ ഈ അറബിക്കടല്‍ത്തീരം മനോഹരമാണ്  . വര്‍ധിച്ചുവരുന്ന സഞ്ചാരികളെ മുന്‍നിര്‍ത്തി അടുത്തകാലത്ത്  സൗന്ദര്യവല്‍ക്കരണം നടത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് കളിയ്ക്കാവുന്ന ഒരു പാര്‍ക്കും ബീച്ചിലുണ്ട്.  കടലമ്മയെ സാക്ഷിയാക്കിയുള്ള പ്രണയ ബന്ധങ്ങൾ പകുതിയിലേറെയും പൂവനിയുന്നതിനാലകാം വൈകുന്നേരങ്ങളിൽ  പ്രണയജോഡികളുടെ സല്ലാപത്തിനായി തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങളിൽ  ഒന്നാണ് ഇത് .                                                മുന്നിലെ നീണ്ടു കിടക്കുന്ന പാതകൾ  അതിവേഗം ബഹുദൂരം താണ്ടെണ്ടാതിനാൽ പെട്ടെന്ന് തന്നെ തകഴി , കുട്ടനാട് , എടത്വാ ലക്ഷ്യമാക്കി നീങ്ങി  . പൊതുവെ ഈ സ്ഥലങ്ങൾ കുട്ടനാട് എന്ന് തന്നെയാണ് അറിയപെടുന്നത് കുട്ടനാടിന്റെ കാര്‍ഷിക പരിസ്ഥിതി ഘടകങ്ങളെ അനുസരിച്ച്  ഭൂപ്രകൃതിയെ അപ്പര്‍ കുട്ടനാട്, കായല്‍ പ്രദേശങ്ങള്‍, വൈക്കം, ലോവര്‍ കുട്ടനാട്, വടക്കന്‍ കുട്ടനാട്, പുറക്കാട് കരി എന്നിങ്ങനെ  ആറായി തിരിച്ചിരിക്കുന്നു , സമുദ്രനിരപ്പിലും താഴെയാണ് കുട്ടനാട് എന്നത് കുട്ടനാടിന്റെ മാത്രം പ്രത്യേകതകളിൽ ഒന്നാണ് .കേരളത്തിലെ നാലു പ്രധാന നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ , മീനച്ചില്‍ എന്നിവയും വേമ്പനാട്ടുകായലും ചേര്‍ന്നു രൂപം നല്‍കിയ ഡെല്‍റ്റാപ്രദേശമാണ് കുട്ടനാട്. കുട്ടനാടിന്റെ പേരിനു പുറകിൽ  അനേകം കഥകൾ ഉണ്ട് എന്നാണ് കുട്ടനാടിനെ കുറിച്ച് കൂടുതൽ സെർച്ച്‌ ചെയ്തപ്പോൾ കാണാൻ സാധിച്ചത് .

                          കായലോട് ചേര്‍ന്ന ജൈവ ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെ ശാസ്ത്രീയമായി ബണ്ടുകള്‍ തീര്‍ത്താണു് കുട്ടനാടിനെ കൃഷിയോഗ്യമായ കരയാക്കിമാറ്റിയെടുത്തത്. ഇങ്ങനെ കുത്തിയെടുത്ത് കരയാക്കിമാറ്റിയ കുത്തനാട് പരിണമിച്ചാണു് കുട്ടനാട് ആയതെന്നും “കുട്ടം” എന്ന സംഘകാലസംജ്ഞയിൽ നിന്നുമാണു് കുട്ടനാട് ഉണ്ടായതെന്നും പറയപ്പെടുന്നു, പ്രാചീന ചേരസാമ്രാജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു പഴയ കുട്ടനാട് അഥവാ കുട്ടം. മുസിരിസ്, നെൽസിൻഡ തുടങ്ങിയ മുഖ്യ തുറമുഖങ്ങൾ ഇവിടെയായിരുന്നു. പല സംഘകാല ചക്രവർത്തിമാരും പേരിനൊപ്പം “കുട്ടുവൻ” (കുട്ടനാട്ടുകാരൻ എന്നർത്ഥം) എന്നു ചേർത്തിരുന്നു.( ചെങ്കുട്ടുവൻ ചേരൻ, പൽയാനൈ ചെൽകെഴു കുട്ടുവൻ തുടങ്ങിയവർ ഉദാഹരണം). സമുദ്രനിരപ്പിൽ തന്നെയോ അതിലും താഴെയോ ആയി സ്ഥിതിചെയ്തിരുന്ന മേഖലയായിരുന്നു കുട്ടനാട്. (കുട്ടം = ഗർത്തം = കുഴി, കുട്ടകം പോലെയുള്ളതു്) – ഭൂപ്രകൃതിയിലെ ഈ പ്രത്യേകതകൊണ്ടാണു് കുട്ടനാട് എന്ന പേരു വന്നതെന്നു് ഒരു വിഭാഗം വാദിക്കുന്നു.

                 ശ്രീ ബുദ്ധന്റെ പ്രാദേശികനാമമാണു് കുട്ടൻ. വ്യാപകമായ ബുദ്ധമതസ്വാധീനമുണ്ടായിരുന്ന ഒരു കാലത്തു് പ്രധാനപ്പെട്ട ബുദ്ധവിഹാരങ്ങൾ സ്ഥിതിചെയ്തിരുന്ന നാട് എന്ന നിലയിലാണു് കുട്ടനാട് എന്നു പേരു് വന്നതെന്നു് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നുണ്ട്. പിൽക്കാലത്ത് കുട്ടനാട്ടിലെ കരുമാടിയിൽ സ്ഥിതിചെയ്യുന്ന ‘കരുമാടിക്കുട്ടൻ’ എന്ന പ്രശസ്തമായ പ്രതിമ ബുദ്ധന്റേതാണെന്നും കരുതപ്പെടുന്നു.

                                  ചുട്ടനാട് ആണു് കുട്ടനാടായി മാറിയത്‌എന്നൊരു മറുവാദംകൂടി ഉണ്ട്. ഭാരതപുരാണത്തില്‍ അര്‍ജ്ജുനന്‍ ദഹിപ്പിച്ച നിബിഡവനപ്രദേശമായിരുന്ന ഖാണ്ഢവവനമാണു് കുട്ടനാട് എന്ന ഐതിഹ്യവും നിലനിന്നിരുന്നു. അതിനാലാണു് ചുട്ടനാട് എന്നു പേർ കിട്ടിയതെന്നും അന്നു് അഗ്നിക്കിരയായ മരങ്ങളുടെയും മറ്റും ചാരമാണു് കായലില്‍ കറുത്ത ചെളിയായി കാണപ്പെടുന്നത് എന്നുമായിരുന്നു കേട്ടുകേള്‍വി. ഇതിനു് ഉപോദ്ബലകമായി തോട്ടപ്പള്ളിയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും അടുത്ത കാലം വരെ കുഴിച്ചെടുത്തിരുന്ന കരിഞ്ഞുകാണപ്പെട്ട മരത്തടികളും കരിനിലം എന്നറിയപ്പെടുന്ന നെൽ‌പ്പാടങ്ങളിലെ കരിയുടെ അംശം പൊതുവേ കൂടുതലായി കാണുന്ന മണ്ണും തെളിവുകളായി ഉയർത്തിക്കാണിക്കുന്നുണ്ട്. ഈ ഐതിഹ്യം തെറ്റാണെന്നു് കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ ശാസ്ത്രം തെളിയിച്ചു. അതായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിലകപ്പെട്ടുപോയ ജൈവാവശിഷ്ടങ്ങള്‍ ജീര്‍ണ്ണിച്ച് രൂപംകൊണ്ട കാര്‍ബണിന്റെ സാന്നിദ്ധ്യമാണു് മണ്ണിനു് കറുപ്പ് നിറം കൈവരാന്‍ കാരണമായതു്.


2 കൊല്ലം മുമ്പ് നടത്തിയ യാത്രയിൽ നിന്ന് 

                                 കുട്ടനാടിന്റെ ചെളിമണവും തണുത്ത കാറ്റും ഞങ്ങൾ അനുഭവിക്കാൻ തുടങ്ങി ജലാശായതിരത്ത് വരിവരിയായി നില്ക്കുന്ന കേരവൃക്ഷങ്ങൾ കണ്ണിനുകുളിര് പകരുന്ന കാഴ്ചകൾ ആണ് കണ്ണെത്തദൂരത്തോളം നീണ്ടു  വെള്ളം കയറി കിടക്കുന്ന നെല്പാടങ്ങളും,  അങ്ങനെ അങ്ങനെ പ്രകൃതി കുട്ടനാടിനെ സുന്ദരിയാക്കിയിരിക്കുന്നു ഓമനത്തം തുളുമ്പുന്ന ഒരു പേരും.  ജീവിതത്തിൽ ഒരിക്കലെങ്കിലും കുട്ടനാട് പോയിട്ടില്ല എങ്കിൽ അത് വലിയ നഷ്ടം തന്നെയാണ് .


                      അങ്ങനെ എടത്വാ പള്ളിയിൽ എത്തി പള്ളിയിൽ  വി. ഗീവർഗ്ഗിസ് പുണ്യാളന്റെ പള്ളിയാണ് , ആള് പുലിയാണ്  വിളിച്ചാൽ വിളിപ്പുറത്തുണ്ട് ഞാൻ ഇങ്ങനെ പറയാൻ പുറകിൽ ഒരു ചെറിയ കഥയുണ്ട് , പറമ്പിൽ എവിടെ നോക്കിയാലും പാമ്പ് ഒന്ന് 2 തവണയായപ്പോൾ ഞങ്ങളുടെ അയല്പക്കംകാരാൻ ചേട്ടൻ എടത്വാ പള്ളിയിലെ പുണ്യാളന് നേർച്ച നേർന്നു പിന്നിട് പാമ്പുകളെ ഒരെണ്ണം പോലും അതുവഴി വന്നിട്ടില്ല , പള്ളിയുടെ മുന്നിൽ റോഡിൽ കയറി ഒഴുകുന്ന തോടിന്റെ നടപാതയിൽ കുറച്ചു നേരം ചിലവഴിച്ചു പിന്നിട് അർത്തുങ്കൽ ലക്ഷ്യമാക്കി നീങ്ങി  തീരദേശറോഡുകൾ തന്നെയാണ് എളുപ്പത്തിനായി തിരഞ്ഞെടുത്തത് അതുകൊണ്ട് തന്നെ യാത്രാ വ്യത്യസ്തമായ ഒരു അനുഭുതിയായി തോന്നി പണ്ട് ഈ റോഡുകൾ എല്ലാം പൊട്ടി പൊളിഞ്ഞു കിടക്കുകയായിരുന്നു ഇലക്ഷൻ പ്രമാണിച്ച് നന്നാക്കിയതായിരിക്കണം.  


                                          അർത്തുങ്കൽ പള്ളി ബോർഡ്‌ കണ്ടു തിരിഞ്ഞു വീണ്ടും ഒരു നാലുവഴി കവല   യഥാർത്ഥത്തിൽ വലത്തോട്ടയിരുന്നു തിരിയെണ്ടിരുന്നത് വഴി നന്നായി എനിക്കറിയാമായിരുന്നു  എന്നാൽ ഞങ്ങളുടെ നാവിഗേറ്റർ   ജെയിംസ്‌ പറഞ്ഞതനുസരിച്ച് നേരെ തന്നെ പോയി അവർ അതിലെ പോയിട്ടുണ്ട് എന്ന ധൈര്യത്തിലാണ് ജെയിംസ്‌ അങ്ങനെ പറഞ്ഞത്   പോയിട്ടുണ്ടെന്ന് പറഞ്ഞതിനാൽ ഞാനും അതിലെ വണ്ടി വിട്ടു ചുരുക്കി പറഞ്ഞാൽ വഴി തെറ്റിയിരുന്നു ഏകദേശം   6 കിലോ മീറ്ററോളം ജനവാസം പോലുമില്ലാത്ത ഇടുങ്ങിയ വഴിയെ സഞ്ചരിച്ചു റോഡിനു ഇരുവശവും ചതുപ്പും വെള്ളകെട്ടുകളും ആയിരുന്നതിനാൽ വണ്ടിതിരിക്കാൻ ഒരു സ്ഥലം കണ്ടെത്താൻ പിന്നെയും കിലോ മീറ്ററുകൾ മുന്നോട്ടു പോവേണ്ടി വന്നു കുറച്ചു മുന്നോട്ട് ചെന്നപ്പോൾ 2 ബൈക്ക് യാത്രികരെ കണ്ടു അർത്തുങ്കൽ പള്ളി എന്ന ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു മറുപടി ഈ വഴി നേരെ കായൽ ആണ് വണ്ടി തിരിക്കാൻ പിന്നെയും മുന്നോട്ട് .  എല്ലാത്തവണത്തെയും പോലെ ഇത്തവണയും  പെട്രോൾ അടിച്ചില്ല എന്നോർക്കുന്നത്  അപ്പോഴാണ് , ഞങ്ങൾ അങ്ങനെ ആണ് വണ്ടിയേൽ കയറിയാൽ അത് എങ്ങനെ ഓടും എന്ന് ചിന്തിക്കാറില്ല അങ്ങ് പോവാണ്  2-3 വീടിന്റെ മുറ്റങ്ങൾ കണ്ടു എങ്കിലും മുട്ടിനു മുകളിൽ വെള്ളമാണ് . എല്ലായിടത്തും ഇങ്ങനെയാണെങ്കിൽ എവിടെയിട്ടുതിരിക്കും എന്നായി ടെൻഷൻ   ഫ്യുവൽ സൂചി ഒറ്റകട്ടയിൽ നില്ക്കുന്നു       അവിടുത്തെ നാട്ടുകാരി അടുത്ത ഷോർട്ട് കട്ട് പറഞ്ഞു തന്നു ഒപ്പം മഴാക്കാല ദുരിതത്തെകുറിച്ചും നമ്മുടെ നാട്ടിൽ മഴ പെയ്യുമ്പോൾ അവരുടെ വീട് മുങ്ങുകയാണ് എന്ന് കുട്ടനാട്ടുകാർ നേരിടുന്ന ഒരു വെല്ലുവിളിയാണ് ഇതെന്ന് തോന്നി . കുറച്ചുടെ പോയി ഒരു വീടിന്റെ മുറ്റത്തിട്ടു വണ്ടി തിരിച്ചു  ജെയിംസിനെ എല്ലാവരും നല്ലപോലെ സ്നേഹിച്ചു പറഞ്ഞിട്ട് കാര്യമില്ല വല്ലപോഴും മാത്രം വരാറുള്ള വഴികൾ ആർക്കും തെറ്റും.

  ജെയിംസ്‌നെ നാവിഗേറ്റർ എന്ന് വിളിച്ചതിൽ ഒരു കാര്യമുണ്ട് ആശാനാണ് എല്ലാ യാത്രകളിലും ഗൂഗിൾ മാപ്പ് നോക്കി വഴി പറയാറ്  അല്പം സിഗ്നൽ കട്ട്‌ ആയിപോയാലും ഭൂമിശാസ്ത്രപരമായി വഴി കണ്ടു പിടിക്കാൻ ആള് കേമൻആണ്  . 14 കിലോ മീറ്റർ ഉള്ളിൽ ത്തന്നെ പമ്പ് കണ്ടത് ആശ്വാസമായി .                                        അർത്തുങ്കൽ പള്ളിയിൽ എത്തിയപ്പോളാണ് അറിയുന്നത് പള്ളിയുടെ അൾത്താരയും ഉൾവശങ്ങളും പുതുക്കിപണിയുകയായിരുന്നു അതിനാൽ പള്ളി അടച്ചിട്ടിരിക്കുന്നു പള്ളിയുടെ മുമ്പിൽ ഒരു പന്തലും സ്റ്റേജ്ഉം  നിർമ്മിച്ചിരിക്കുന്നു അവിടെയാണ് ഇപ്പോൾ വി.കുർബാന അർപ്പിക്കുന്നത് .എങ്കിലും തുറന്നു കിടന്ന ഒരു വാതിലിൽ കൂടി ഉള്ളിൽ പ്രവേശിച്ച് പണികൾ എല്ലാം കണ്ടു  ഇത്രയും പ്രശസ്തമായ ഒരു പള്ളി പണിനടക്കുമ്പോൾ കയറിയത് ദീപക്കിന് ആദ്യ അനുഭവം ആയിരുന്നു ഒപ്പം ഒരു ത്രില്ലും പള്ളി പണി കാണാൻ സാധിചെല്ലോ എന്ന് . വീണ്ടും അർത്തുങ്കൽ കടൽത്തിരം ലക്ഷമാക്കി നീങ്ങി മഴാക്കാലം ആയിരുന്നെങ്കിലും തെളിഞ്ഞ ദിവസമായതിനാൽ സൂര്യന്റെ ചൂട് സഹിക്കാൻ കഴിയത്തതിനാൽ അവിടെ ഇറങ്ങാതെ വണ്ടി തിരിച്ചു ഇനി അന്ധകാരനാഴി . കടൽ തീരം തന്നെ പിടിച്ചു പോയി മാരാരി ബീച്ചും കണ്ടു  അന്ധകാരനാഴിയിലേക്ക് ആലപ്പുഴ ബീച്ച് പോലെ തന്നെ കലിപുണ്ട തിരകൾ .പണ്ട് സുനാമി കാർന്നെടുത്ത സ്ഥലങ്ങളിൽ ഒന്നാണ് .  അകലെ കല്ലുകൾ കുട്ടിയിട്ടു തടയണ സൃഷ്ടിച്ചിരിക്കുന്നത് കണ്ട് അങ്ങൊട്ട് നീങ്ങി   നല്ല വലിയ തിരകളാണ് വരുന്നത് എന്ന് കാർപാർക്കിംഗ് ഏരിയ വരെ മുമ്പ് അടിച്ചു വന്ന തിരകളുടെ  പാടുകളും വെള്ളകെട്ടുകളും കണ്ടു മനസിലാക്കി കടപ്പുറത്തുകൂടി തടയണ ലക്ഷമാക്കി നടന്നു  സ്വന്തമായി നിർമ്മിച്ച കുഴികളിലേക്ക് ഞങ്ങളെ കണ്ടു ഓടി കയറുന്ന ഞണ്ടുകൾ വളരെ രസകരമായി തോന്നി  കുഴി മാന്തിനോക്കിയാലും വീരന്മാരെ കിട്ടില്ല . 

                                                                          


                                                                                                   കല്ലുകൾ ചാടി ചാടി  കുറച്ചു നടന്നപ്പോൾ രാവിലെ തന്നെ കാറ്റും കൊണ്ട് ഒരു കുപ്പിയുമായി ഇരിക്കുന്ന 2 പേരെ കണ്ടു  അവിടുത്തെ നാട്ടുകാരാണ്  പണിയില്ലാത്തകൊണ്ട് രാവിലെതന്നെ പരിപാടി തുടങ്ങി    വർഷകാലം ആയാൽ അവരുടെ  ജീവിതം വളരെ ദാരിദ്രം നിറഞ്ഞതാണ്‌ മീൻപിടുത്തമാണ് പ്രധാന തൊഴിൽ കടൽക്ഷോഭം ഉള്ളപ്പോൾ കടലിൽ പോകാൻ പറ്റില്ല കാരണം കെട്ടുവള്ളങ്ങൾ ആണ് അവർ ഉപയോഗിക്കുന്നത്  പറമ്പിൽ പണിക്കു പോകാനാണെങ്കിൽ നാട് മുഴുവൻ വെള്ളത്തിനടിയിലും , വീടുകളിൽ വെള്ളം കയറിയാൽ മാസങ്ങളോളം ക്യാമ്പുകളിൽ പല കുടുംബത്തോടൊപ്പം ഒരു കുടുംബം പോലെ  എങ്കിലും സ്ത്രികൾക്ക്  അത്  പലതരത്തിലും  ബുദ്ധിമുട്ടുകൾ   ഉണ്ടാക്കാറുണ്ട് കൂടാതെ പകർച്ചവ്യാധികളും . അത്തരത്തിൽ  നോക്കിയാൽ നമ്മൾ സ്വർഗ്ഗത്തിലാണ്‌ ജീവിക്കുന്നത് .
കടലമ്മയോട്  കുറച്ചു പഴയ ഓർമ്മകൾ പങ്കിട്ട് വീണ്ടും ഫോർട്ട്‌ കൊച്ചി ലക്ഷ്യമാക്കി യാത്രാ തുടർന്നു    .ക്യാമറയുടെ ചാർജ് തീർന്നതിനാൽ ഫോട്ടോ മാനിയാക്ക്  ജയശങ്കർന്  അധികം അങ്ങ്  പൊലിക്കാൻ കഴിഞ്ഞില്ല  അതുകൊണ്ട് തന്നെ ചാർട്ട് ചെയ്തിരുന്ന സമയത്ത് തന്നെ എല്ലായിടത്തുനിന്നും കയറാൻ സാധിച്ചു .
                                                            ആദ്യം മട്ടാഞ്ചേരിക്കാണ് പോയത് അവിടെ  പരദേശി സിനഗോഗ് ആയിരുന്നു ലക്ഷ്യം കുറച്ചു അകലെ കാർ പാർക്ക് ചെയ്ത് സിനഗോഗിലെക്ക് നടന്നു ഇരുവശവും കരകൗശല വസ്തുകൾ വില്ക്കുന്ന കടകൾ വഴിയിലേക്ക് ഇറങ്ങി നില്ക്കുന്നു  ചെറിയ മഴ തൂളി തുടങ്ങിയിരുന്നു അതുകൊണ്ട് തന്നെ കുറച്ചു വേഗത്തിൽ നടന്നു സിനഗോഗിൽ 5 രൂപാ പാസ്സ്ഉണ്ട് ആദ്യം കുറച്ചു ചുമർ ചിത്രങ്ങളും ചരിത്രങ്ങളും ഫോട്ടോ ഗ്രാഫി അനുവധിക്കാത്തതിനാൽ അതിനു മുതിർന്നില്ല  പിന്നിടാണ് സിനഗോഗിൽ പ്രവേശിച്ചത്  പണ്ടുകാലത്ത് പള്ളികളുടെ നടുവിൽ ഉള്ള പ്രസംഗക്കൂട് പോലെയുള്ള   അൾത്താര  നടുക്ക് ചുറ്റിലും ഭിത്തിചേർത്ത് പഴയ കാലത്തെ ബഞ്ചുകൾ  മുഖത്തോടു മുഖം തിരിഞ്ഞിരിക്കുന്ന രീതിയിലാണ് ക്രമികരണം ,സിജോ അവിടെയിരുന്ന  ചേട്ടനോട് എന്തൊക്കെയോ ചരിത്രങ്ങളും സംശയങ്ങളും ആരായുന്നുണ്ടായിരുന്നു  .                             

                                       മലബാർ യഹൂദരാണ് 1567-ൽ  ഈ സിനഗോഗ് പണി കഴിപ്പിച്ചത്. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്. ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുള്ളത് കാണാം . കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു. 1000-ആമാണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ. കൂടാതെ നൂറിൽ അധികം പഴയ കാല ഗ്ലാസ്‌ തൂക്കു വിളക്കുകളും സിനഗോഗിന്റെ സൗന്ദര്യം കുട്ടുന്നു .                          തുടർന്ന്  ഫ്രാൻസിൽ നിന്നും വന്ന ഒരു  കുടുംബത്തെ പരിച്ചയപെടുകയും അവരോടൊപ്പം ജൂതതെരുവിലെ കടകൾ കാണുകയും ചെയ്തു സമയം പോയതിനാലും  ഫോർട്ട്‌ കൊച്ചി അവസാന ലക്ഷ്യമായി മുന്നിൽ കിടക്കുന്നതിനാലും വിദേശ അഥിതികളുടെ ഡച്ച് കൊട്ടാരം കാണാനുള്ള ക്ഷണം നിരസിക്കേണ്ടിവന്നു   മട്ടാഞ്ചേരി പാലസ് റോഡിൽ തന്നെയാണ് കൊട്ടാരം .   പോർച്ചുഗീസുകാരാണ് ഇത് പണികഴിപ്പിച്ചത്. പിന്നീടവർ കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് ഈ കൊട്ടാരം സമ്മാനമായി നൽകി. 1663-ൽ ഡച്ചുകാർ ഈ കൊട്ടാരത്തിൽ ചില അറ്റകുറ്റപണികൾ നടത്തുകയുണ്ടായി. അതിനുശേഷം ഈ കൊട്ടാരം ഡച്ചുകൊട്ടാരം എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. കൊച്ചി രാജാക്കന്മാരും കാലാകാലങ്ങളിൽ ഈ കൊട്ടാരത്തിനു അറ്റകുറ്റപണികൾ നടത്തിയിരുന്നു. ഇന്ന് ഈ കൊട്ടാരം കേരള ഗവർമെന്റിന്റെ കീഴിൽ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു.

                                  ഈ പ്രദേശത്ത് ഉണ്ടായിരുന്ന ഒരു അമ്പലം നശിപ്പിച്ച് കൊള്ളയടിച്ചതിൽ കൊച്ചി രാജാവിനുണ്ടായിരുന്ന അപ്രീതി ഇല്ലാതെയാക്കാനായി പോർച്ചുഗീസുകാർ പണികഴിപ്പിച്ച കൊട്ടാരമാണ് ഇത്. അതുകൊണ്ടുതന്നെ അമ്പലങ്ങളിൽ കാണപ്പെടുന്ന കൊത്തുപണികളും ചിത്രപ്പണികളും ധാരാളമായി ഈ കൊട്ടാരത്തിൽ കാണാവുന്നതാണ്. 


                                        വാസ്കോ ഡ ഗാമ കാപ്പാട് തീരത്ത് 1498-ൽ കപ്പലിറങ്ങിയശേഷം മലബാർ ഭാഗത്ത് വ്യാപാരം നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരിമാരിൽ നിന്നുള്ള എതിർപ്പ് കൂടിയതുകാരണം പിൻവാങ്ങേണ്ടി വന്നിരുന്നു. കൊച്ചി രാജാക്കന്മാർ അന്ന് പോർച്ചുഗീസുകാർക്ക് എല്ലാ സഹായസഹകരണങ്ങളും നൽകി കൊച്ചിയിൽ വ്യാപാരം നടത്താൻ സഹായിച്ചു. അങ്ങനെയാണ് പോർച്ചുഗീസുകാർ കൊച്ചിയിൽ എത്തുന്നത്. പോർച്ചുഗീസുകാർ പോയതിനുശേഷം ഈ കൊട്ടാരം ഡച്ചുകാരുടെ കയ്യിൽ എത്തുകയും പിന്നീട് ഹൈദരാലി ഈ കൊട്ടാരം പിടിച്ചടക്കുകയും ചെയ്തു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിന്നീട് ഈ കൊട്ടാരം ഹൈരദാലിയെ പരാജയപ്പെടുത്തി സ്വന്തമാക്കി.   അങ്ങനെ ധാരാളം  വിജയ പരാജയങ്ങളുടെ ചരിത്രമുറങ്ങുന്ന ഒരു കൊട്ടാരമാണ് മട്ടാഞ്ചേരി കൊട്ടാരം .                                               ബിഗ്‌ - ബി സിനിമയിലെ മമ്മുക്കായുടെ വീടും , പ്രേമം സിനിമയിലെ പേപ്പർ ഹൗസ് എന്ന കഫെയും  ജയശങ്കറിന്റെ നിർബന്ധത്തിൽ ഇറങ്ങി കുറച്ചു ഫോട്ടോസ് എടുത്തു തുടർന്ന് അവസാന സ്ഥലം ഫോർട്ട്‌ കൊച്ചി ബീച്ച് ആയിരുന്നു ബീച്ചിന്റെ കരയിലെ ബെഞ്ചുകളിൽ ഐസ്ക്രിമും ഞ്ഞുണഞ്ഞു മണിക്കുറുകൾ ഇരുന്നു  സായംസന്ധ്യയിൽ  അത്തരത്തിൽ  കടലിൽ ഒളിക്കുന്ന സൂര്യനെയും നോക്കി ഇരിക്കണം എന്നത് ഒരു ആഗ്രഹമായിരുന്നു  അറബിക്കടലിന്റെ തീരത്തെമായക്കാഴ്ചകൾ  ഏതൊരാളുടെ മനസിനെയും പൂർണമായും അതിലേക്ക് ലയിപ്പിക്കും മത്തുപിടിപ്പിക്കും എത്ര മാനസിക സമ്മർദമനുഭവിക്കുന്ന വ്യക്തിയും ശാന്തനായി പറഞ്ഞു വിടാനുള്ള ഒരു കഴിവ് ഇവിടത്തിനുണ്ട് എന്നത് തീർച്ചയാണ്  ഇന്തോ - യൂറോപ്യന്‍ ശൈലിയില്‍ പണിതീര്‍ത്ത മനോഹരമായ ഒരു കോട്ടയാണ് കൊച്ചി തുറമുഖത്തിന്റെ ഏറ്റവും ആകര്‍ഷകമായ കാഴ്ച . കൊച്ചി ബീച്ച് ഫെസ്റ്റിവലാണ് കൊച്ചി ബീച്ചിനെ പ്രശസ്തമാക്കുന്ന ആഘോഷം. ഡിസംബര്‍ അവസാനത്തെ ആഴ്ചയില്‍ നടക്കുന്ന കൊച്ചി ബീച്ച് ഫെസ്റ്റിവല്‍ ആയിരക്കണക്കിന് ആളുകളെയാണ് ആകര്‍ഷിക്കുന്നത്.   സൂര്യൻ കടലിൽ മായുന്നതിനുമുമ്പ് തന്നെ ഞങ്ങൾ തിരിക്കാൻ തീരുമാനിച്ചു .                        

                      അങ്ങനെ  4 വർഷമായിതുടരുന്ന സുഹൃത്ത്ബന്ധത്തിന്റെ കെട്ട് ഒരിക്കൽ കൂടി മുറുക്കി . ആദ്യയാത്രയുടെ ഓർമ്മകൾ വീണ്ടും അനുഭവിച്ച് 5 മത്തെയാത്രയും വിജയപൂർവ്വം പൂർത്തിയാക്കി  ,. ഇനിയൊരു യാത്രാ  ഒരുപക്ഷെ സ്വപ്നമായിരിക്കാം  ആ സ്വപ്നത്തിലും മറക്കാനാവാത്ത ധാരാളം ഓർമ്മകൾ ലഭിച്ചിട്ടുണ്ട് സാധ്യമാണ് എങ്കിൽ ആ യാത്രയുടെ ആമുഖത്തിൽ കാരണങ്ങൾ വിവരിക്കാം . 9   മണിയോട് കൂടി പാലയിൽഎത്തി  വീണ്ടും ജീവിതത്തിന്റെ പല മേഖലകളിലേക്ക് എല്ലാവരും പിരിഞ്ഞു .... 


റൂട്ട് മാപ്പ് 
അന്ധകാരനാഴി  മിനി ലൈറ്റ് ഹൗസ്