മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Thursday, 28 May 2015

ഇമ്മിണിവല്യ പ്രണയം...

അവളുടെ വസ്ത്രമായിരുന്നു ആദ്യം അവനെ  ആകർഷിച്ചത് . പിറ്റേ ദിവസവും അവളെ കണ്ടെങ്കിലും അവനു അവളെ മനസിലായില്ല , അങ്ങനെ കുറച്ചു ദിവസങ്ങൾ അവളെ ഓർത്ത് തള്ളിനീക്കി . വീണ്ടും ഒരുദിവസം അവൾ ആദ്യം കണ്ട അതെ വസ്ത്രം ധരിച്ചുകൊണ്ടു വന്നു , അന്ന് അവൻ  അവളുടെ മുഖത്തേക്ക് ആദ്യമായി നോക്കി , പണ്ട് ഏതോ സിനിമയിൽ പറയുന്നപോലെ  പേടിച്ച പേടമാൻ മിഴികൾ ,അങ്ങനെയങ്ങനെ സൗന്ദര്യം തുളുമ്പിനില്ക്കുന്ന മുഖം ,അന്ന് അവൻ  അവളുടെ  ബാഗ്‌ കൂടി ഒന്നു നോക്കി വെച്ചു കാരണം നാളെ വേറെ സ്റ്റൈലിൽ വരുമ്പോൾ ആളു മാറി പോകാതിരിക്കാൻ ( അങ്ങനെ പോകില്ല എന്നാലും ഒരു കരുതൽ നല്ലതല്ലേ ?..) അങ്ങനെ ആളെ മനസിലാക്കി ഒരു മൂന്നു മാസം അവളുടെ പുറകെ നടന്നു , പിന്നെ അവളുടെ ശ്രദ്ധപിടിച്ചു പറ്റാനായി ശ്രമം . എന്നാൽ ചില  ലോക്കൽ കാമുകൻമാരെ പോലെ ലോക്കൽ നമ്പരുകൾ  ഒന്നുമായിരുന്നില്ല മനസ്സിൽ , കൃത്യമായി കഥയെഴുതി  ഒരു സിനിമയെ വെല്ലുന്ന തരത്തിലുള്ള ഒരു പ്രണയം ആയിരിക്കണം എന്ന് അവനു നിർബന്ധമുണ്ടായിരുന്നു . അങ്ങനെ തന്റെ കൂട്ടുകാരുമായി ആലോചിച്ചു , ആലോചനകളും പദ്ധതികളും മാറി മാറി വന്നു പക്ഷെ ഒന്നും തന്നെ വിജയിക്കാൻ സാധ്യതയില്ല എന്ന് മനസിലാക്കി . 2 മാസങ്ങൾ കൂടി കടന്നു പോയി , അവനു അവളുടെ പേര് കിട്ടി ഒപ്പം സകല വിവരങ്ങളും . അവൻ തന്റെ സുഹൃത്തുകളുടെ ആത്മാർതഥയെ ഓർത്തു അഭിമാനിച്ചു , അവൻ ഫേസ്ബുക്കിൽ അവളുടെ പ്രൊഫൈൽ കണ്ടു  അങ്ങനെ അവളുടെ ഒരു ഫോട്ടോയും കിട്ടി , അതുകൊണ്ടും നടന്നു ഒരു മൂന്നുമാസം എങ്കിലും റിക്വസ്റ്റ് വിട്ടില്ല .അതിന്റെ ഇടയിൽ പരിക്ഷകൾ ആയി അവധിയായി ഒരു മൂന്നു മാസങ്ങൾ വീണ്ടും പോയി , അവളുടെ ക്ലാസ്സിലെ മറ്റു പെണ്‍കുട്ടികളുമായി വരെ കമ്പനിയായി , അവളുടെ ഫോണ്‍ നമ്പർ വരെ കിട്ടി , ഇനി അവളോട്‌ എന്തെങ്കിലും ഒരു പരിചയമില്ലാതെ എങ്ങനെ വിളിക്കും . അങ്ങനെ അവസാനം അവളുടെ ഒരു ഡാൻസ് പ്രോഗ്രാം ഉണ്ടെന്നു അവളുടെ കൂട്ടുകാരികൾ വഴി അറിഞ്ഞു , ഡാൻസ് ബോർ ആയിരുന്നെങ്കിലും നമ്മുടെ നായകൻ അത് പോയി കണ്ടു . പ്രോഗ്രാം കഴിഞ്ഞു അവളോട്‌ അഭിനന്ദനങ്ങൾ അറിയിക്കാൻ ചെന്നു അങ്ങനെ അവളോട്‌ അവൻ ആദ്യമായി സംസാരിച്ചു അപ്പോഴേക്കും വർഷം ഒന്ന് കഴിഞ്ഞു പിന്നിട് കൂടെ കൂടെ കാണുമ്പോൾ  പരിചയം പുതിക്കികൊണ്ടിരുന്നു അങ്ങനെ ചാറ്റിങ് തുടങ്ങി ഇരുവരും കൂടുതൽ അടുത്തു പിന്നെ ഫോണ്‍ വിളിയായി കൂടികഴ്ചയായി അവസാനം അവൻ പ്രണയം പറഞ്ഞപ്പോൾ അവന്റെ കോഴ്സ് തീർന്നിരുന്നു ... ഒരു പെണ്‍കുട്ടിയോടുള്ള ഇഷ്ടം തുറന്നുപറയാൻ അവനു വേണ്ടിവന്നത് 3 വർഷങ്ങൾ ആണ് . ഈ  വിശുദ്ധ പ്രണയം ഇന്നും നിലനില്ക്കുന്നു , ആധുനിക യുഗത്തിൽ  കാമുകികാമുകൻമാർ  ഓരോരുത്തരെയും മാറി മാറി പരിക്ഷിക്കുമ്പോൾ ഇവർ ഇന്നും കൊച്ചു കൊച്ചു വഴക്കുകളുമായി സന്തോഷത്തോടെ പ്രണയിക്കുന്നു. ഒരു പക്ഷെ ഇന്നുള്ള കുട്ടികൾ 3 വർഷംകൊണ്ട് 30 പ്രണയബന്ധങ്ങൾവരെ ഉണ്ടാക്കിയേക്കാം എന്തിരുന്നാലും അസൂയ തോന്നിക്കും വിധത്തിലാണ് ഈ പ്രണയം . പ്രണയത്തെ പൂർണമായും വിവരിക്കാൻ  കവികൾക്ക് പോലും കഴിഞ്ഞിട്ടില്ല , അവർ പ്രണയത്തെ വിവരിക്കാൻ  കടലിന്റെയോ നീലാകാശത്തിന്റെയോ കൂട്ടുപിടിക്കുകയാണ് ചെയ്യുന്നത് , പ്രണയം ഒരു വികാരമാണ് അത് മനസിന്റെ അടിത്തട്ടിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നതാണ് , ഇനിയുള്ള തലമുറകളിൽ  നല്ല പ്രണയങ്ങൾ സ്വപ്നം മാത്രമാകുന്ന കാഴ്ചയാണ് ചുറ്റും , പുരുഷൻ സ്ത്രിയെ ലൈംഗികത്തിനായി മാത്രം സ്നേഹിക്കുന്നു എന്നാൽ സ്ത്രി പുരുഷന്റെ സ്നേഹത്തിനായി ലൈംഗികത അഭിനയിക്കുന്നു ... പൂമ്പാറ്റ പൂവിൽ വന്നിരിക്കുന്നു തേൻ കുടിക്കുന്നു പരാഗണം വീണ്ടും അടുത്ത പൂവിൽ പോയിരിക്കുന്നു തേൻ കുടിക്കുന്നു ... അത്തരത്തിലുള്ള ഒരു പ്രക്രിയ മാത്രമായിരിക്കുന്നു പ്രണയം ഇന്ന് ...


ഇത്തരത്തിൽ മാറുന്ന ലോകത്തിൽ പഴയകാല പ്രണയ  സ്മരണകൾ  ഉണർത്തുന്ന എന്റെ സുഹൃത്തിന് അഭിനന്ദനങ്ങൾ....

Saturday, 16 May 2015

യുറെക്കാ ....യുറെക്കാ ......

ഇന്ത്യയിലെ ഒരു കോടിശ്വരനായ വ്യാപാരി , പ്രതിക്ഷിക്കാതെ എത്തിയ കോടിക്കണക്കിനു രൂപയുടെ നഷ്ടം അദ്ദേഹത്തിന്റെ കമ്പനിയെ കടത്തിലാക്കി കമ്പനി പൂട്ടേണ്ടിവരുമെന്നായി ആത്മഹത്യയാണ് അദ്ദേഹം കണ്ട രക്ഷാമാർഗ്ഗം . അദ്ദേഹത്തിന്റെ ജീവനെടുക്കാനുള്ള അവകാശം അദ്ദേഹം കടലിനുനല്കാൻ തീരുമാനിച്ചു , മരിക്കുന്നതിനുമുമ്പ് അദ്ദേഹം കടൽത്തിരത്തുള്ള ഒരു ബഞ്ചിൽ കടലിലേക്കും നോക്കിയിരുന്നു .

 കുറച്ചു സമയത്തിനു ശേഷം ഒപ്പം മറ്റൊരാൾ കൂടി അവിടെ ഇരുന്നു , വ്യാപാരിയെ എന്തോ പ്രശ്നം അലട്ടുന്നു എന്ന് മനസിലാക്കിയ അദ്ദേഹം കാര്യങ്ങൾ തിരക്കി തനിക്കുപറ്റിപോയ നഷ്ടങ്ങൾ അദേഹത്തോട് പങ്കുവെച്ചു , അദ്ദേഹം തന്റെ പെട്ടിയിൽ നിന്നും ഒരു ബ്ലാങ്ക് ചെക്ക്‌ ഒപ്പിട്ടു വ്യാപാരിക്ക് കൊടുത്തിട്ട് പറഞ്ഞു ഇതിൽ താങ്കൾക്കു അവിശ്യമുള്ള അത്രെയും പണം എഴുതിയെടുക്കാം ... വ്യാപാരിക്ക് സന്തോഷമായി കാരണം  ചെക്ക്‌ കൊടുത്തയാൾ ഇന്ത്യയിലെ ഏറ്റവും വലിയ കോടിശ്വരൻ ആയിരുന്നു , എന്നാൽ അടുത്ത വർഷം ഇതേ ദിവസം ഈ സമയം ഇതേ സ്ഥലത്ത് വെച്ച് എടുത്ത പണം തിരികെ നല്ക്കണമെന്നു അദ്ദേഹം പറഞ്ഞു , വ്യാപാരി ആ ചെക്കും ആയി തന്റെ കമ്പനി തുറന്നു എന്നാൽ അദ്ദേഹം ആ ചെക്ക്‌ ഉപയോഗിച്ചില്ല മറിച്ച് കാര്യങ്ങൾ കൈവിട്ടുപോയാൽ രക്ഷപെടാൻ ഒരു കച്ചിത്തുരുംമ്പയി അദേഹം ആ ചെക്ക്‌ സൂക്ഷിച്ചു ,.

 ഒരുവർഷം കഴിഞ്ഞു . അദ്ദേഹത്തിന്റെ കമ്പനി ഇരട്ടി വളർന്നു . ലഭിച്ച ചെക്ക്‌ തിരികെ നല്ക്കുന്നതിനായി അദേഹം പഴയ സ്ഥലത്തെത്തി എന്നാൽ ചെക്ക്‌ തന്ന ആളെ കാണാൻ സാധിച്ചില്ല , എന്നാൽ അദ്ദേഹം കുറച്ചു നീങ്ങിയപ്പോൾ കുറെ ആളുകൾ ചേർന്ന് ഒരാളെ ബലംപിടിച്ചു  കാറിൽ കയറ്റി  പോകുന്നത് കണ്ടു അവിടെ നിന്ന ഒരാളോട് കാര്യം തിരക്കിയ അദ്ദേഹം ഞെട്ടി , അയാൾ അവിടെ അടുത്തുള്ള ഒരു മാനസിക ആശുപത്രിയിൽ നിന്നും ചാടിപോയ ഒരാള് ആയിരുന്നു , കോടിശ്വരൻ എന്ന് പറഞ്ഞു ബ്ലാങ്ക് ചെക്ക്‌ ഒപ്പിട്ടു എല്ലാർക്കും കൊടുക്കുകയാണ് പതിവ് എന്ന് , വ്യാപാരിക്ക് തനിക്കു കിട്ടിയ ചെക്ക്‌ ഒരുയാതോരുമൂല്യവും ഇല്ലാത്ത ചെക്ക്‌ ആയിരുന്നു എന്ന് മനസിലാക്കി ...


ഈ കഥ സുപരിചിതമായ ഒന്നാണ് ഇവിടെ ജീവിതത്തിൽ അടിപതറി പോയി ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരു വ്യക്തിയെ വെറും ഒരു തുണ്ട് കടലാസ് ജീവിതവിജയത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത് ഇവിടെ ആ ചെക്ക്‌ വെറും ഒരു കാരണം ആയി എന്നു മാത്രം , എന്നാൽ യഥാർഥത്തിൽ ആ മനുഷ്യന്റെ മനോഭാവം ആണ് അദ്ദേഹത്തെ വിജയിത്തിലെത്തിച്ചത് , ആ മനോരോഗി അദേഹത്തിന് ഒരു ആത്മവിശ്വാസവും ധൈര്യവും നല്കി , അത് അസാധ്യമാണ് എന്ന് വിചാരിച്ചത് സാധ്യമാക്കി , അതെ ആദ്യം സ്വയം സ്നേഹിക്കുക സ്വന്തം കഴിവുകളിൽ വിശ്വാസം അർപ്പിക്കുക ജീവിതത്തിൽ അസാധ്യമായത് സാധ്യമാക്കാൻ ഒരു പരുതിവരെ ആത്മവിശ്വാസം ആവിശ്യഘടകം ആണ് . തുടർന്ന് പരിശ്രമിക്കുക ... 

ഇവിടെ അദ്ദേഹം ഒരിക്കലും ആ ചെക്ക് മുല്യമുള്ളതാണോ എന്ന് നോക്കാൻ ശ്രമിച്ചില്ല അദേഹത്തിന് തന്റെ കഴിവുകളിൽ വിശ്വാസം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ കഠിനാധ്വാനം ചെയ്തു വിജയിച്ചു , ഏതൊരു പ്രവർത്തിക്കും മുമ്പ് നമ്മുക്ക് സാധിക്കും എന്ന് വിശ്വസിക്കുക തുടർന്ന് ലക്ഷ്യം വിജയം കൈവരിക്കാൻ പരിശ്രമിക്കുക , എപ്പോഴും നല്ല ഉപദേശങ്ങൾ സ്വികരിക്കുക , നല്ല കാര്യം ചെയ്യുമ്പോൾ അഭിനന്ദിക്കുന്നവരെയും , മോശം പ്രവർത്തി ചെയ്യുമ്പോൾ ശ്വാസിക്കുന്നവരെയും  സുഹൃത്തുകൾ ആക്കുക ... എപ്പോഴും നെഗറ്റീവ് എനർജിതരുന്നവരുമായി   അകലം പാലിക്കുക, ഏതൊരു കാര്യം ചെയ്യുന്നതിനും മുമ്പ് അതിന്റെ വരുംവരായ്കകൾ  കണ്ടറിയുക ആത്മവിശ്വസത്തോടെ മുന്നോട്ടുപോകുക .  അസാധ്യമായ കാര്യങ്ങൾ ഒന്നും തന്നെയില്ല എന്ന് മനസിലാക്കുക , ജീവിതം ജീവിച്ചുത്തിർക്കുക  ... 
യുദ്ധത്തിനുഇറങ്ങുന്ന യോദ്ധാവിനെ പോലെ സാഹചര്യങ്ങളെ കണ്ടറിഞ്ഞു ബുദ്ധിപൂർവ്വം പ്രവർത്തിക്കുക . വിജയത്തിലേക്ക് എത്താൻ ഒരു വഴിയെ ഒള്ളു എന്നാൽ നശിക്കാൻ ധാരാളം വഴികൾ മുമ്പിൽ കണ്ടെന്നു വരാം , ഓരോരുത്തരുടെയും പരാജയത്തിനു പിന്നിൽ ധാരാളം കാരണങ്ങൾ പറയാൻ  ഉണ്ടായേക്കാം ആ കാരണങ്ങളെ തിരിച്ചറിഞ്ഞു അതിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക . ആർക്കിമിഡിസിനെ പോലെ നല്ലതും ചീത്തയും വേർതിരിച്ചറിയാൻ തത്ത്വങ്ങൾ കണ്ടുപിടിക്കുക തന്മയത്ത്വത്തോടെ പ്രവർത്തിക്കുക വിജയം ഉറപ്പാണ്‌
എന്നോർക്കുക സ്വർഗ്ഗത്തിലേക്ക് എന്നപോലെ വിജയത്തിലേക്കുള്ള പാത ഇടുങ്ങിയതും ഞെരുക്കമുള്ളതും  കല്ലും മുള്ളും നിറഞ്ഞതുമാണ് അതിലെ സഞ്ചരിക്കുന്നവർ എന്നാൽ ചുരുക്കം ...

Sunday, 10 May 2015

അമ്മയ്ക്കൊരുമ്മ ...

ഒരിക്കൽ  മകന്റെ ജനനത്താൽ ഭാര്യനഷ്ടപ്പെട്ട ഒരു മനുഷ്യൻ തന്റെ മകനെ കൂലിപ്പണിയെടുത്ത്  വളർത്തി വലുതാക്കി അവൻ പഠിച്ചു മിടുക്കനായി ജോലിയായി അവനു ഒരു ഭാര്യയും കുഞ്ഞുംവരെ ആയപ്പോൾ അവന്റെ അപ്പൻ അവനൊരു ബുദ്ധിമുട്ടായി അവൻ അപ്പനെ വ്യദ്ധസദനത്തിൽ കൊണ്ടാക്കി തിരിച്ചു വന്നപ്പോൾ അവന്റെ മകൻ വല്യപ്പൻ ഉപയോഗിച്ച പാത്രങ്ങൾ കഴുകി സുക്ഷിക്കുന്നത് കണ്ട് അവൻ തന്റെ മകനോട്‌ ചോദിച്ചു ഇനി എന്തിനാടാ ആ പാത്രങ്ങൾ എന്ന് , അപ്പോൾ  മകന്റെ മറുപടി വളരെ രസകരമായിരുന്നു ... അതോ ... മുത്തച്ഛനെപോലെ ആകുമ്പോൾ അച്ഛന് വേണ്ടിയുള്ളതാ ...        
  ഈ കഥ വളരെ സുപരിചിതമായ ഒന്നാണ് .
അതുപോലെ  തന്നെ കേരളത്തിൽ കണ്ടുവരുന്ന ഒരു പ്രത്യേകതരം ഒരു ആചാരമാണ് വ്യദ്ധരായ മാതാപിതാക്കളെ വ്യദ്ധമന്ദിരങ്ങളിൽ ഉപേക്ഷിക്കുക എന്നത് ...

എല്ലാവരും ഇന്ന് മാതൃദിനം ആഘോഷിച്ചു സോഷ്യൽ മീഡിയകളിലുടെ മാതാവിനെ വർണ്ണിച്ചു എന്നാൽ അത് വെറും സോഷ്യൽ മിഡിയയിൽ ഒതുങ്ങുന്നു എന്നതാണ് സത്യം . തന്റെ അമ്മയ്ക്ക്  ഒരു ഉമ്മ കൊടുത്തവർ ഇന്ന് വളരെ ചുരുക്കം ആളുകൾ മാത്രമായിരിക്കും  സ്നേഹത്തിന്റെ ഒരായിരം ചുടുമുത്തങ്ങൾ നമ്മുക്കുതന്ന നമ്മുടെ അമ്മയ്ക്ക് ഒരു മുത്തം കൊടുക്കാൻ സാധിക്കുന്നില്ല ഇന്ന് മക്കൾക്ക്‌ ... പകരം കിസ് ഓഫ് ലവ് എന്നൊക്കെ പേരിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ മലയാളി മുന്നിട്ടു നിൽക്കുന്നു ... അഥവാ ഇനി അമ്മക്ക്  അല്ലെങ്കിൽ അച്ഛന് ഒരു മുത്തം കൊടുക്കണം എങ്കിൽ മക്കൾ വ്യദ്ധസദനങ്ങളിൽ ചെല്ലെണ്ടിരിക്കുന്നു ,.

 സമ്പൂർണ്ണ സാക്ഷരതനേടാനായി കേരളം കുതിക്കുമ്പോൾ കേരളിയന്റെ സംസ്കാരം മാറുന്നു എന്നതിന് ഉദാഹരണങ്ങൾ ആണ് ഇത്  . അസ്ഥിഞ്ഞുറുങ്ങുന്ന വേദനതിന്നു അമ്മ ജന്മം നല്കി അസ്ഥി ഉരുകുന്ന വെയിലിൽ പണിയെടുത്തു അച്ഛനൊരു ജീവിതവും തന്നു  പക്ഷെ മക്കളിൽ നിന്നും ലഭിക്കേണ്ടത് ലഭിക്കുന്നില്ല ... എന്തിനാണ് മക്കൾ ?  വർദ്ധിക്യത്തിൽ തങ്ങളെ പോറ്റാനാണ് മക്കൾ ... അതിലും വലിയ ഒരു ദൗത്യവും മക്കളിൽ നിന്നും ഒരു മാതാപിതാക്കളും പ്രതിക്ഷിക്കുന്നില്ല .

ഒരിക്കൽ ഒരു വ്യദ്ധസദനം സന്ദർശിച്ചപ്പോൾ അതിന്റെ നടത്തിപ്പുകാർ ഒരു അമ്മയെ പരിചയപ്പെടുത്തി ആ അമ്മയെ പരിചയപ്പെടുത്താൻ ഒരു കാരണം ഉണ്ടായിരുന്നു അമ്മയുടെ മകൻ ഒരു ഐ . പി .എസ്  കാരനാണ്  എന്നതുതന്നെയാണ് . പക്ഷെ ആ അമ്മ തന്റെ മകന്റെ പേര് ഇതുവരെ ആരോടും വെളിപ്പെടുത്തിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി അതിനു അമ്മക്ക് ഒരു കാരണമേ പറയാൻ ഉണ്ടായിരുന്നോള്ളൂ  , തന്റെ മകന്റെ പേരിനു അതൊരു കളങ്കം വരും എന്ന് .. ഇവിടെ ആ സ്ഥാപനത്തിന് മുമ്പിൽ കാറിൽ കൊണ്ടിറക്കി കടന്നു കളഞ്ഞ മകനോടുള്ള ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും ആണ്  കാണാൻ സാധിക്കുന്നത് .വ്യദ്ധസദനങ്ങൾ മാതാപിതാക്കൾക്ക് സന്തോഷം നല്കുന്നു എന്ന ചിന്ത ഏതെങ്കിലും മക്കൾക്കുണ്ടെങ്കിൽ അത് തെറ്റാണ് , അവർ തന്റെ മക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹവും വാത്സല്യവും ആണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് , ഒപ്പം എപ്പോഴും നിങ്ങളോടൊപ്പം ആയിരിക്കാനും. ഇന്ന്  മാതാപിതാക്കൾ പ്രായമായിക്കഴിഞ്ഞാൽ  കേവലം ഒരു പട്ടികുട്ടിയോ പൂച്ചക്കുട്ടിയോ ആയി മാറിയിരിക്കുന്നു വഴിയരുകിൽ  കൊണ്ടുപോയി ഒരു പൂച്ചയെ കളയുന്നപോലെ അങ്ങ് ഇറക്കി വിടുകയാണ് സ്വന്തം മക്കൾ . ഇതെല്ലാം ദിവസേന പത്രങ്ങളിൽ മിന്നിമറയുന്ന കാഴ്ചകളാണ് .ചെറുപ്പത്തിൽ നഷ്ടപ്പെട്ട   തന്റെ പെറ്റമ്മയെ തിരക്കി കേരളത്തിലേക്ക് വരുന്ന  വിദേശരാജ്യങ്ങളിൽ ഉള്ള മക്കൾ  മലയാളിക്ക്  ഒരു മാതൃകയാകട്ടെ ...

അപ്പനെ കൊന്നു രാജാവായ ഒരു മകനും അധികംനാൾ നാടുവാണ ചരിത്രമില്ല . മക്കൾ വലുതായിക്കഴിയുമ്പോൾ മാതാപിതാക്കളോടുള്ള സമീപനമാണ് മാതാപിതാക്കളെ വേദനിപ്പിക്കുന്നത് മക്കൾക്ക്‌ നല്ലത് വരണമെന്ന അവരുടെ ഒരു ഉദേശ്യശുദ്ധിയെ  മാനിക്കാതെ പോകുന്ന തലമുറകളാണ് ഇനി . അവിടെ അവർക്ക് ഓർമ്മകളൊ ഗ്രഹാതുരത്ത്വമോ ഒന്നും ഇല്ല അവർ അവരുടെ ലോകത്തിൽ ആഡംബരത്തിനു പുറകെ പായുകയാണ് . വരും കാലങ്ങളിൽ മുത്തച്ചനും ,മുത്തശ്ശിയും,അച്ഛനും ,അമ്മയും , കുട്ടികളും ഉള്ള കുടുംബങ്ങൾ ചിത്രങ്ങൾ ആകാതിരിക്കട്ടെ എന്നത് മാത്രമാണ് എന്റെ പ്രാർത്ഥന .

 ചില സന്ദർഭങ്ങളിൽ ചിലർ പറയാറുണ്ട് ഐശ്യര്യത്തിന്റെ മഹാലക്ഷ്മിയാണ് വരുന്നത് എന്ന് ,ഇവിടെ ആരാണ് മഹാലക്ഷ്മി ?.ഒരു ദൈവിക നാമം , ആരാണ് ദൈവം ? പ്രപഞ്ചത്തിൽ എന്തിനും ഒരു അദൃശ്യമായ ഒരു ശക്തിയുടെ പ്രവർത്തനം ഉണ്ടെന്നു വിശ്വസിക്കുന്നു ആ ശക്തിയെ ദൈവമായി കാണുന്നു . ആദ്യകാലങ്ങളിൽ , അന്ഗ്നി , ജലം,വായു ,സൂര്യൻ  തുടങ്ങിയവയെ മനുഷ്യൻ ആരാധിച്ചിരുന്നതായി പറയപ്പെടുന്നു ... എന്നാൽ അതിലെല്ലാം ഉപരിയായി നമ്മുക്ക് കാണാൻ സാധിക്കുന്ന ദൃശ്യമായ ദൈവം മാതാപിതാക്കളാണ് കാരണം ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് എല്ലാ മതഗ്രന്ഥത്തിലും പറയപ്പെടുന്നു അതു പോലെ തന്നെ ഒരു മകനെ അല്ലെങ്കിൽ മകളെ സൃഷ്ടിച്ചത് മാതാപിതാക്കൾ ആണ് അപ്പോൾ അവരായിരിക്കണം നമ്മുടെ ദൈവം . ആ ദൈവങ്ങളെ ഭവനത്തിൽ നിന്നും ഇറക്കിവിട്ടാൽ പിന്നെ എവിടെയാണ് ഐശ്യര്യം വരുന്നത് .

                     മനുഷ്യന് അറിവും വിദ്യഭ്യാസവും  കൂടിയതാണോ ? ഇത്തരം തരംതാണ പ്രവർത്തികളിലേക്ക് അവനെ എത്തിക്കുന്നത് എന്നതാണ് എന്റെ സംശയം ...മാതാപിതാക്കളെ ഇങ്ങനെ ഉപേക്ഷിക്കുന്ന മക്കളോട് അതിനു മുമ്പ് നിങ്ങൾ ആദ്യം ഒരു വ്യദ്ധസദനം പോയി കാണുകയും അവിടെയുള്ള അച്ഛൻമാരോടും അമ്മമാരോടും അടുത്തിടപഴുകുക  സംസാരിക്കുക , പിന്നിട് നിങ്ങളുടെ കഴിഞ്ഞുപോയ കുട്ടികാലവും ജീവിതവും ഒന്ന് ഓർക്കുക എന്നിട്ടും നിങ്ങൾക്ക് അവരെ അവിടെ ആക്കണമെന്നാണ് എങ്കിൽ  ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് മാത്രമേ പറയാൻ വകയോള്ളൂ ... അതിനാൽ മാതാപിതാക്കളെ സ്നേഹിക്കുക നമ്മുടെ കുട്ടികാലങ്ങളിൽ അവർക്ക് നല്കിയ പോലെ സ്നേഹ ചുംബനങ്ങൾ നല്കുക അവർക്ക് നമ്മൾ എന്നും കുട്ടികളാണ് അതിനാൽ കുട്ടിത്ത്വം തുളുബുന്നതായിരിക്കട്ടെ നമ്മുടെ  പെരുമാറ്റവും ....


Friday, 8 May 2015

ഏലി , ഏലി ,ല്മാ സബക്ഥാനി ...

കഴിഞ്ഞയാഴ്ചവരെ ഞാൻ വളരെ മനോഹരമായിരുന്നു .  അംബരചുംബികളായ കെട്ടിടങ്ങളും, ഗ്രാമവും മലനിരകളും ,പച്ചപ്പും ,അരുവിയും , തടാകങ്ങളും ,കടും കാട്ടാറുകളും , അതിലുപരി വിവിധ മതസ്ഥരായ നല്ല മനുഷ്യരുള്ള ദൈവങ്ങളുടെ പോലും പാദസ്പർശമേറ്റ, സഹോദര സ്നേഹവും ഐക്യവുംഉള്ള   അങ്ങനെയങ്ങനെ  കണ്ണിനും മനസിനും സകല ഇന്ദ്രിയങ്ങൾക്കും കുളിരും ഉണർവും അത്ഭുതവും  നൽകുന്ന ഒരു കൊച്ചു രാജ്യമായിരുന്നു ഞാൻ നേപ്പാൾ ... എന്നാൽ ഇപ്പോൾ എനിക്ക് അതിന്റെയൊന്നും അഹങ്കാരമോ തലയെടുപ്പോ ഒന്നും തന്നെ ഇല്ല . ഞാൻ ഇപ്പോൾ വെറും ഒരു ശവപ്പറമ്പാണ് . ഇപ്പോൾ എന്നെ നോക്കികാണുന്ന ആർക്കും കാണാൻ സാധിക്കുന്നത്  നിശ്ചലമായ മനുഷ്യശരിരങ്ങൾ മാത്രമാണ് ഒപ്പം കുറെ കരച്ചിലും മുറവിളികളും,തകർന്ന കുറെ കെട്ടിടങ്ങളും സ്മാരകങ്ങളും .എങ്ങും ചോരയുടെ ഗന്ധവും കണ്ണിരിന്റെ ഉപ്പുരസവുമാണ്  ഇവയെല്ലാം കണ്ടുരസിക്കാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ വരാം ...ഭുകമ്പം എന്നെ പാടെ നശിപ്പിച്ചിരിക്കുന്നു ഒപ്പം എന്നെ വിശ്വസിച്ച ലക്ഷക്കണക്കിന്‌  ജനങ്ങളെയും . എല്ലാവരും എന്നെ വെറുക്കുകയും ശപിക്കുകയും ചെയ്യുന്നു . വിനോദയാത്രക്ക് വന്നവരെ മുതൽ വകവരുത്തിയിരിക്കുന്നു . അനേകരെ ഭാവനമില്ലത്തവരാക്കി . പതിനായിരങ്ങളുടെ ജീവനെടുത്തു ,ലക്ഷക്കണക്കിന്‌ആളുകളെ  മുറിവേല്പിച്ചു .ആയിരങ്ങളെ  അനാഥരാക്കി ,പിഞ്ചുകുഞ്ഞുങ്ങളെ പോലും കണ്ണിൽ ചോരയില്ലാതെ വകവരുത്തി , മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾ ,മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കൾ , ഭാര്യയെ നഷ്ടപ്പെട്ട ഭർത്താവ് ,ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യ .കൂടെപ്പിറപ്പു നഷ്ടപ്പെട്ടവർ അങ്ങനെ എങ്ങും നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ് കാണാൻ സാധിക്കുന്നത് . ലോകം മുഴുവനും എന്നിലേക്ക്‌ സഹതാപത്തോടെ ഉറ്റുനോക്കുന്നു .കണ്ണിരോഴുക്കുന്നു  എന്നെ വിശ്വസിച്ച് ചോരനിരാക്കി പണിത ഭവനങ്ങളും മറ്റും നഷ്ടപ്പെട്ടവർ , എന്നെ വിശ്വസിച്ച് ഭാവി സ്വപ്നം കണ്ടവർ , അങ്ങനെ എല്ലാവരെയും ഞാൻ വഞ്ചിച്ചു , കുറ്റം  ചെയ്യാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെടുന്നു .
എല്ലാവരും എന്നെ ഇപ്പോൾ ഭയത്തോടെ നോക്കികാണുന്നു . ഇവിടെ ജനിച്ചു പോയതിൽ സ്വന്തം ജീവിതത്തെ ശപിക്കുന്നവരെ വരെ എനിക്കു കാണാം . ഇനിയും പഴയതുപോലെ ആകാൻ സാധിക്കുമെന്ന് എനിക്ക് വിശ്വാസം ഇല്ല . കാരണം ജനങ്ങൾക്ക് എന്നിലുള്ള വിശ്വാസം നശിച്ചിരിക്കുന്നു .തലയ്ക്കുമുകളിൽ കത്തി കെട്ടിത്തുക്കിയിട്ടു ഉറങ്ങുന്നതിനുസമം ആണ് ഇപ്പോൾ അവരുടെ ജീവിതം . കാരണം ഇനിയും ഭുകമ്പം ഉണ്ടാകാം എന്ന് അവർ ഭയപ്പെടുന്നു . ഞാൻ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു, ഇതെല്ലാം സംഭവിച്ചപ്പോൾ ഞാൻ അനുഭവിച്ച വേദനയും ഒഴുക്കിയ കണ്ണിരും  ആരും കണ്ടില്ല.  ഇത്രമാത്രം സഹനങ്ങൾ സഹിക്കാൻ ഞാൻ അത്രവലിയ പാപങ്ങൾ ഞാൻ ചെയ്തിരുന്നോ ? എനിക്കറിയില്ല ഇതെല്ലാം ഇനി എങ്ങനെ നേരെയാകുമെന്ന് .....
എന്റെ ദൈവമേ എന്റെ ദൈവമേ എന്തിനെന്നെ ഉപേക്ഷിച്ചു .....?

Thursday, 7 May 2015

വഴിതെറ്റിയെത്തിയ പ്രണയം ...

അന്നും പതിവുപ്പോലെ  വരുണ്‍ ശനിയാഴ്ചയിലെ   ക്ലാസും കഴിഞ്ഞു കോട്ടയം നഗരത്തിലുടെ കറങ്ങി നടക്കുകയായിരുന്നു . മാമൻമാപ്പിള ഹാളിൽ എന്തോ ഒരു ഫെസ്റ്റ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു അവൻ അത് ഒന്ന് കണ്ടുകളയാം എന്നായി , കരകൗശലവസ്തുക്കൾ , ബുക്കുകൾ അങ്ങനെ എല്ലാം അവിടെ ഉണ്ടായിരുന്നു .അങ്ങനെ എല്ലാം കണ്ടു നിങ്ങവെ  സ്റ്റേജിൽ അരങ്ങേറിയ ഒരു  നൃത്തം അവനെ   നിശ്ചലനാക്കി സുന്ദരിയായ ഒരു പെണ്‍കുട്ടിയായിരുന്നു അവനെ ആകർഷിച്ചത് . അവൻ അവളുടെ ചുവടുകളിൽ മതിമറന്നു അവിടെ നിന്നുപോയി , അവനു അവളെ വളരെ ഇഷ്ടപ്പെട്ടു എന്ന് അവന്റെ കണ്ണുകളിലെ തിളക്കം വ്യക്തമാക്കിതരും . നൃത്തം തീർന്നുപോയതു പോലും അവൻ അറിഞ്ഞില്ല അത്തരം ഒരു ലോകത്തിലയിരുന്നു അവൻ . അവന്റെ ഹൃദയമിടിപ്പിന്റെ വേഗവും ആതിയും അവനു അവളോടുള്ള  പ്രണയം അവനു തന്നെ വ്യക്തമായി ... നൃത്തം കഴിഞ്ഞു നൃത്തകിക്കു നൽക്കിയ നന്ദിയുടെ വാക്കുകളിൽ നിന്നും അവൻ . അവളുടെ പേര് കണ്ടുപിടിച്ചു ."മിന്നാ .."തന്റെ ഫോണ്‍ എടുത്ത് അപ്പോൾ തന്നെ അവൻ ഫേസ്ബുക്കിൽ പേരു സേർച്ച്‌ ചെയ്തു .നൂറിലധികം മിന്നമാരിൽ നിന്നും തന്റെ കാമുകിയെ എങ്ങനെ കണ്ടെത്തും ...? അവസാനം അവൻ ഒരു മിന്നയെ അങ്ങ് ഉറപ്പിച്ചു കാരണം  സിനിമ നടി ശോഭന നൃത്തം ചെയ്യുന്ന ഫോട്ടോയായിരുന്നു അവളുടെ പ്രൊഫൈൽ പിക്ച്ചർ  കൂടാതെ അവൾ നല്കിയിരിക്കുന്ന മറ്റു വിവരങ്ങൾ കൂടെ കൂട്ടിവായിച്ചാണ്  അവൻ ഈ നിഗമനത്തിൽ എത്തിയത് . എല്ലാ നൃത്തകിമാരുടെയും റോൾ മോഡൽ ആയിരിക്കുമല്ലോ ശോഭന ... മൂന്നു ദിവസങ്ങളുടെ  കാത്തിരുപ്പിനു ശേഷം മിന്ന അവനെ ഫ്രണ്ട് ആക്കി . ഇരുവരും ചാറ്റിംഗ് ആരംഭിച്ചു . ദിവസേനയുള്ള സംസാരം ഇരുവരെയും നല്ല സുഹൃത്തുകളാക്കി  . ഫോണ്‍ വിളിയായി ഒടുവിൽ നേരിട്ട് കാണാനായി ഇരുവരും തീരുമാനിച്ചു . അങ്ങനെ ഇരുവരും കണ്ടുമുട്ടി അന്ന് ഫെസ്റ്റിനു കണ്ടതിലും ഒരുപാട് മാറി പോയിരിക്കുന്നു അവൻ അവളോട്‌ പറഞ്ഞു .എന്നാൽ അവൾ അങ്ങനെ ഒരു പ്രോഗ്രാം ചെയ്തില്ല എന്ന മറുപടി അവനെ തളർത്തി തനിക്കു ആളുമാറിയിരിക്കുന്നു എന്ന സത്യം അവൻ മനസ്സിലാക്കി .എങ്കിലും മനസുകൊണ്ട് ആദ്യമായി പ്രണയിക്കുകയും ഒത്തിരി അടുത്തറിയുകയും ചെയ്ത പെണ്‍കുട്ടി ഇവളാണ്‌ ഇവളാണ്‌ ഇനി എന്റെ എല്ലാം അവൻ തീരുമാനിച്ചു. ഒരു പക്ഷെ ഇവൾക്കുവേണ്ടിയായിരിക്കാം ഞാൻ കാത്തിരുന്നത് . ഫെസ്റ്റിനു കണ്ട മിന്ന ഇവളിലേക്ക് എത്താനുള്ള ഒരു  നിമിത്തം ആയിരുന്നിരിക്കാം എന്ന് അവൻ വിശ്വസിച്ചു . പിന്നിടും ഇരുവരും തമ്മിൽ കൂടികാഴ്ചകൾ നടന്നു ഒരിക്കൽ അവൻ അവന്റെ ഇഷ്ടം അവളോട്‌ തുറന്നു പറഞ്ഞു ... അവളും അവനിൽ നിന്നും അതുപ്രതിക്ഷിച്ചിരുന്നു എന്ന് അവളുടെ പുഞ്ചിരി അവനു മറുപടിയായി അങ്ങനെ സന്തോഷവും ,സങ്കടവും ഇണക്കവും പിണക്കവും എല്ലാം കൊണ്ടും സമ്പന്നമായ രണ്ടു വർഷങ്ങൾ ഇരുവരും തങ്ങളുടെ കുടുംബജീവിതംവരെ ഒന്നൊന്നായി കണക്കുകൂട്ടിയും കിഴിച്ചും തയ്യാറായി കഴിഞ്ഞിരുന്നു . മിന്ന ഒറ്റ മകളായകൊണ്ടായിരിക്കാം വരുണിനെ മിന്നയുടെ മാതാപിതാക്കൾ ഒരു മകനെ പോലെ തന്നെയായിരുന്നു കണ്ടിരുന്നത്‌ . അവളുടെ വീട്ടിൽ അവനും ഒരു സ്ഥാനം ഉണ്ടായിരുന്നു . അങ്ങനെ എല്ലാം കൊണ്ടും പൂർണ്ണതയുള്ള ഒരു പ്രണയം ഏതൊരു പ്രണയ ജോഡികളും കൊതിക്കുകയും അസുയപ്പെടുകയും ചെയ്ത പ്രണയം .അങ്ങനെയിരിക്കെ മിന്ന കഠിനമായ തലവേദനക്ക് അടിമപ്പെട്ടു . ചികിത്സയിൽ കാൻസർ എന്ന് തെളിഞ്ഞു എന്നാൽ വരുണ്‍ ഈ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല . അവളുടെ സ്വഭാവത്തിൽ വന്നമാറ്റം വരുണിൽ എന്തൊക്കെയോ സംശയത്തിന്റെ വിത്തുപാകി , കാരണം അവൾ എപ്പോഴും നിരാശയോടെ ആയിരുന്നു ,അസുഖം കൂടി വന്നു ചികിത്സയും അങ്ങനെ അവൾ പഠനം ഒന്നാം വർഷം  കൊണ്ട് നിറുത്തി . ഇതറിഞ്ഞ വരുണിന്റെ നിർബന്ധത്തിനു വഴങ്ങി അവൾ അവനോടു എല്ലാം തുറന്നു പറഞ്ഞു . അവൻ ആകെ തകർന്നു പോയി എങ്കിലും കാൻസറിൽ നിന്നും രക്ഷപെട്ടിട്ടുള്ള , മംമ്ത മോഹൻദാസും , യുവരാജ് സിങ്ങിന്റെയും ഒക്കെ  തിരിച്ചുവരവിൽ അവനും അവളുടെ തിരിച്ചുവരവും പ്രതിക്ഷിച്ചു . അവൻ 24 മണിക്കുറും പ്രാർത്ഥനയും പള്ളിയും നേർച്ചകളുമായി ഓടി നടന്നു . തന്റെ പ്രണസഖിയുടെ ജീവനായി അവൻ എല്ലാ ദൈവങ്ങളെയും കൂട്ടുപ്പിടിച്ചു . അവന്റെയും ഊണും ഉറക്കവും എല്ലാം അപ്പോഴേക്കും നഷ്ടമായി കഴിഞ്ഞിരുന്നു ... അവളുടെ വേദന കൂടി ഇരുവരും പരസ്പരം കണ്ണിരോഴുക്കി . അവൾക്ക് അതിലും വേദനനല്കുന്നതായിരുന്നു വരുണിനെ കാണുന്നത് കാരണം ഇരുവരും ഒത്തിരി സ്വപ്നങ്ങൾ കണ്ടവരാണെല്ലോ .അതിനാൽ അവന്റെ വരവിനെ അവൾ വിലക്കി അസുഖം മാറിയിട്ട് വിളിക്കുമ്പോൾ വരുകയോള്ളൂ എന്ന് അവനെ കൊണ്ട് അവൾ സത്യം ചെയ്യിച്ചു . അവൻ തുടർന്ന് അവളുടെ രോഗശാന്തിക്കായി ഒരു ധ്യാനം കൂടാൻ പോയി ... അവിടെ അവൻ ദൈവം അവളെ അനുഗ്രഹിക്കുന്നതായി അനുഭവപ്പെട്ടു അങ്ങനെ ഒരാഴ്ചത്തെ ധ്യാനത്തിന് ശേഷം അവളുടെ വിവരം അറിയുന്നതിനായി അവൻ അവളുടെ മമ്മിയെ വിളിച്ചു എന്നാൽ. അശുഭ വാർത്തയായിരുന്നു അവന്റെ കാതുകളിൽ നിറഞ്ഞത്‌ ... ഉടനെ തന്നെ അവൻ നിലംപതിച്ചു   


കണ്ണുതുറന്നപ്പോൾ ആശുപത്രി ചുമരുകൾ ആയിരുന്നു അവന്റെ മുമ്പിൽ . എന്താണ് സംഭവിച്ചത് എന്നറിയാൻ വെമ്പൽ കൊള്ളുന്ന അവന്റെ മാതാപിതാക്കളിൽ നിന്നും അവൻ എല്ലാം മറച്ചു വയ്ച്ചു .രണ്ടു ദിവസം കഴിഞ്ഞ് അവൻ അവളുടെ കല്ലറയിൽ ഒരു ചുവന്ന റോസപൂവ് വച്ചു ഒപ്പം അവന്റെ കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണിരും .  വഴിതെറ്റിയെത്തിയ ഒരു പ്രണയബന്ധം അവനു സമ്മാനിച്ചനല്ല നിമിഷങ്ങളും ഒപ്പം അവനുനല്കിയ ദു:ഖങ്ങളും അവൻ ഓർത്തു .... ഒപ്പം ഓർമ്മകൾ തങ്ങിനില്ക്കുന്ന കോട്ടയം നഗരത്തെ അവൻ വെറുത്തു ഒപ്പം ആപത്തുകാലത്ത് അവനെ കൈവിട്ട സകല പുണ്യാളൻമാരെയും അവൻ ഇപ്പോഴും കഴിഞ്ഞു പോയ നല്ലനിമിഷങ്ങളെ ഓർത്ത്‌ ഇപ്പോഴും അവളിൽ തന്നെ ആയിരിക്കുന്നു ... മിന്നയുടെ വേർപാടിന്റെ ഒന്നാം ചരമവാർഷികം  അനുസ്മരിക്കുന്ന ഈ മാസത്തിൽ ഈ കഥ  ഇരുവർക്കും വേണ്ടി പ്രാർത്ഥനയോടെ

സമർപ്പിക്കുന്നു ......    

Wednesday, 6 May 2015

തളരുന്നമനസ്സും തകരുന്നജീവിതവും ...

ഒരു മിടുമിടുക്കനായ കുട്ടി അവന്റെ ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെ എന്തു കാര്യത്തിനും മുന്നിട്ടുനിന്നവനായിരുന്നു ആ എൽ . പി സ്കൂളിലെ ഒരു മികച്ച വിദ്യാർഥി ആയിരുന്നു അവൻ , അവൻ നല്ല പോലെ പ്രസംഗം പറയുവായിരുന്നു പാടാൻ അറിയില്ലെങ്കിലും പാട്ടും പാടുമായിരുന്നു . എല്ലാവരുടെയും പിന്തുണയായിരുന്നു അവന്റെ ശക്തി . അവൻ യു.പി  സ്കൂളിൽ എത്തി പുതിയ കൂട്ടുകാർ, സാറുമാർ അവൻ ക്ലാസ്സിൽ പൊതുവെ സൗമ്യനായിരുന്നു അതുകൊണ്ടു തന്നെ അവനിലെ കഴിവുകൾ ആരും കണ്ടില്ല . ഒരിക്കൽ അവന്റെ ഉറ്റ സുഹൃത്തിനൊപ്പം  പാട്ടുപാടിയപ്പോൾ മൈക്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് എല്ലാവരും കൂവി കളിയാക്കി അത് അവനിലും അവന്റെ സുഹൃത്തിലും അപകർഷതാബോധത്തിനു തിരി തെളിയിച്ച ഒരു സംഭവമായിരുന്നു . ഒപ്പം തന്നെ ഇരുവരിലും ആത്മവിശ്വാസകുറവും വർദ്ധിപ്പിക്കാൻ കാരണമാക്കി ... അത് ഇരുവരും ഇന്നും അനുഭവിച്ചു പോരുന്നു ,  ഒരു ചെറിയ പ്രശ്നത്തിൽ മനസ് തളർന്നു അത് പിന്നെ ജീവിതത്തെ ബാധിക്കുന്നു . അപ്രതിക്ഷിതമായ ആഘാതമാണ്  എവിടെ ഇരുവരെയും അപകർഷതാബോധത്തിന്റെ പടുകുഴിയിൽ എത്തിച്ചത് . അവർ ഇന്നും ഒരു ഇന്റർവ്യൂ പോലും പങ്കെടുക്കാനോ ? പുതിയ ഒരു വ്യക്തിയുമായി സംസാരിക്കാനോ  സാധിക്കത്തവരായി മാറിയിരിക്കുന്നു .  അടിസ്ഥാനപരമായ വ്യക്തത്വ വൈകല്യങ്ങള്‍, അപ്രതീക്ഷിതമായ ആഘാതങ്ങള്‍, ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍, സ്വന്തം പരിമിതികളെപ്പറ്റിയുള്ള അറിവില്ലായ്മ, ഉയര്‍ന്ന ലക്ഷ്യത്തോടുള്ള പ്രേരണ, ആത്മവിശ്വാസകുറവ്, സുരക്ഷിതത്വബോധത്തിന്റെ അഭാവം  ഇവയൊക്കെ ഒരാളെ അപകര്‍ഷതാബോധത്തിന്റെ തീച്ചുളയിലെത്തിക്കുന്നു. എന്ന്  മനഃശാസ്ത്രവിദ്ധക്തനായ  ഡോ .ഹരി എസ്  ചന്ദ്രൻ പറയുന്നു . പൊതുവെ  അപകർഷതാബോധം ഉള്ളവരിൽ   മറ്റുള്ളവരോട് തുറന്ന് ഇടപെടാന്‍ കഴിയുന്നില്ല. അതിവേഗം ചമ്മുക, മറ്റുള്ളവരുടെ നിസാരമായ കളിയാക്കലുകളെക്കുറിച്ച് ചിന്തിച്ചു മനസു പൂണ്ണാക്കുക, ഉല്ലസിക്കാന്‍ കഴിയാതിരിക്കുക, ഒറ്റപ്പെടുന്നു എന്ന തോന്നല്‍ എന്നിവയെല്ലാം തന്നെ കണ്ടു വരുന്നു .കൂടാതെ പുതുതായി ആരെയെങ്കിലും പരിചയപ്പെടേണ്ടി വരുമ്പോള്‍ കൈകാല്‍ വിറയല്‍, നെഞ്ചിടിപ്പ്, ഒക്കെ അനുഭവപ്പെടുന്നു. അപകര്‍ഷതാബോധം വിഷാദത്തിന്റെ രൂപം സ്വീകരിക്കുന്നപക്ഷം ആത്മഹത്യക്കുള്ള സാധ്യത തള്ളികളയാനാവില്ല.

ഇവിടെ ആദ്യ കഥയിലെ രണ്ടു കുട്ടികൾക്കും സംഭവിച്ചതും ഇത് തന്നെ ആണ് .വ്യക്തിയില്‍ സാമൂഹികവല്‍ക്കരണം നടക്കുന്നത് കുട്ടിക്കാലത്താണ്. മറ്റുള്ളവരെ അവരുടെ പ്രത്യേകതകളോടു കൂടി അംഗീകരിക്കാന്‍ ശീലിക്കുന്നതും ഈ കാലയളവില്‍ത്തന്നെ. അങ്ങനെ മനസ്സ് വളരുന്ന കാലയളവിൽ സമൂഹത്തിൽ നിന്നും അവർ പ്രതിക്ഷിച്ച ഒരു മറുപടിയായിരുന്നില്ല അവർക്ക് ലഭിച്ചത്. അത് അവരുടെ കുഞ്ഞു മനസ്സിൽ ആഴത്തിൽ തന്നെ പതിഞ്ഞുകിടക്കുന്ന ഒരു മുറിവായിമാറി എന്നതാണ് അവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ മനസിലാക്കാൻ സാധിക്കുന്നത്  .

ആല്‍ഫ്രഡ് ആഡ്ലറാണ് അപകര്‍ഷതാബോധത്തെപ്പറ്റി കൂടുതല്‍ പഠനം നടത്തിയ മനഃശാസ്ത്രജ്ഞന്‍. എല്ലാവരിലും അപകര്‍ഷതാബോധം ഉടലെടുക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പരസഹായം തേടേണ്ടിവരുന്ന ശിശുവിനു അപകര്‍ഷതാബോധം ഉണ്ടാകും. കഴിവുകള്‍ ക്രമേണ വികസിക്കുകയും മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തിയുണ്ടാവുകയും ചെയ്യുമ്പോള്‍ ഇത് ഏറെക്കുറെ പരിഹൃതമാകുന്നു എന്നാണ് അദ്ദേഹം പറയുന്നത് .കൂടാതെ വിപരീതലിംഗത്തിലുള്ളവരോട് സംസാരിക്കാനും അടുത്തിടപെടനുമുള്ള ഭയം തുടങ്ങിയവയും അപകര്‍ഷതാബോധത്തിന്റെ പ്രത്യാഹതങ്ങൾ ആണ് .

ഒരു വ്യക്തിയിൽ  അപകര്‍ഷതാബോധം നശിപ്പിക്കാനും ഉണ്ടാക്കിയെടുക്കാനും സമൂഹത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുകൾക്കും സാധിക്കും . ചെയ്യുന്ന നല്ലകാര്യങ്ങൾ നല്ലതാണ് നന്നായിരിക്കുന്നു എന്ന പ്രശംസ മതി ഒരാളിൽ  അപകര്‍ഷതാബോധം പാടെ തുടച്ചു നീക്കാൻ  ഒപ്പം എന്തു കാര്യങ്ങൾ ചെയ്യുന്നതിലും അദേഹത്തിന് ആത്മവിശാസം കൂടുകയും ചെയ്യുന്നു .എന്നാൽ എന്തു കാര്യത്തിനും നെഗറ്റീവായാണ്  പ്രശംസയെങ്കിൽ അദ്ദേഹത്തിന്റെ  ആത്മവിശ്വാസം നഷ്ടപ്പെടുകയും  അപകര്‍ഷതാബോധം ഉടലെടുക്കുകയും ചെയ്യുന്നു . അങ്ങനെ ഒരാളുടെ ഏതു നല്ല പ്രവർത്തിയെയും നെഗറ്റീവ് ആയി പ്രശംസിക്കുന്നവർ  അപകര്‍ഷതാബോധത്തിന്റെ പടുകുഴിയിൽ ആണ് എന്ന് പറയാം, കാരണം ഈഗോ ആണ് അവരെ അങ്ങനെ പറയിക്കുന്നത്, ഈഗോയും  അപകര്‍ഷതാബോധമുള്ളവരുടെ കൂടപ്പിറപ്പാണ് .

അപകർഷതാബോധമുള്ള  വ്യക്തിയുടെ ജീവിതം വരച്ചു  കാണിച്ചു തരുന്ന ഒരു സിനിമയാണ് വടക്കുനോക്കിയന്ത്രം എന്ന സിനിമ .അതിൽ  തടത്തിൽ ദിനേശൻ എന്ന ശ്രിനിവാസൻ അവതരിപ്പിച്ച കഥാപാത്രം അപകർഷതാബോധം വേട്ടയാടുന്ന ഒരാളെയാണ് പരിചയപ്പെടുത്തുന്നത് . നമ്മളെയും അപകർഷതാബോധം വേട്ടയാടുന്നുണ്ട്‌ എന്നാൽ ഭാവി കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകൾ നമ്മളെ എന്തൊക്കെയോ ആക്കി മാറ്റുന്നു എന്നു മാത്രം . വേണമെങ്കിൽ നമ്മളെ   അപകർഷതാബോധം പൂർണ്ണമായും കിഴടക്കിട്ടില്ല എന്നും പറയാം ...

അപകര്‍ഷതാബോധത്തെ അതിജീവിക്കാനുള്ള എളുപ്പമാര്‍ഗം സ്വയം മനസിലാക്കു എന്നതാണ്. സ്വന്തം കഴിവുകളെപ്പറ്റിയും ബോധമുള്ളയാള്‍ക്ക് നിരാശയുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. കഴിവുകളില്‍ അഭിമാനിക്കാനും ബലഹീനതകളെ അംഗീകരിക്കാനും തയാറെടുക്കുകയാണ് മറ്റൊരു മാർഗ്ഗം . എല്ലാത്തിനും കഴിവുള്ളവരായി ഈ ലോകത്തില്‍ ആരും തന്നെയില്ലെന്ന് മറക്കരുത്. 

Monday, 4 May 2015

ഇരുൾമറയത്താരോ ...

ഹൃദയസാഗരത്തിനപ്പുറവും തിരഞ്ഞു ഞാൻ നിന്നെ
മധു പൊഴിയുന്ന നിന്റെ കൊഞ്ചലുകൾ
ഇന്നുമെൻ കാതിൽ വന്നലയ്ക്കുന്നു -
ഏതോ ശ്രുതി താളം പോലെ
പാടി മറന്നയൊരു ശോകഗാനം .
തേൻ തേടി നീ പോയത് പൂക്കളില്ലാത്ത -
                                          ലോകത്തെക്കോ ?
പാതിരാവിലെ പാലൊളിതൻ പുഞ്ചിരി -
                                         മാഞ്ഞുവോ ?
അസ്തമയ സൂര്യനെനോക്കുന്ന കടലിന്റെ -
വിഷാദ ഭാവം ഞാൻ അറിയുന്നു .
വേർപിരിയലിന്റെ നെടുവീർപ്പുകൾ -
 ത്തൂകുമിതു  ലോകം .

കാത്തിരിപ്പിന്റെ അനന്തതീരം
വേദനയിൽ വീർപ്പുമുട്ടിക്കഴിയുന്ന
മനുഷ്യകോലങ്ങൾ അവിടെ കാണാം .
വിങ്ങുന്ന ഹൃദയങ്ങളെ നോക്കി കവിപാടി
ആരെയോ കാത്തിരിപ്പൂ നീ ...
എൻ കുഞ്ഞു പൈതലേ... ?
എങ്ങുനിന്നോ വന്ന തെമ്മാടിക്കാറ്റിന്റെ
പരിഹാസം എൻ ത്വക്കിലറിയുന്നു ഞാൻ .
അവൾക്കു വേണ്ടി ഞാൻ കാത്തിരുപ്പൂ
ഈ ദുഃഖസാന്ദ്രമാം സംഗിതത്തണലിൽ
ഇറുക്കിയടച്ച ജനലഴികൾക്കുള്ളിലുടെ
ഞാൻ കണ്ടു അനന്തതയുടെ ഇരുൾമറയിൽ
അങ്ങ് ഉയരങ്ങളിലേക്ക് പറക്കുന്ന ഒരാത്മാവ് .

എന്റെ പ്രിയ തോഴിയുടെ ഓർമയിൽ ഞാൻ
ഒരിരുൾ മറയത്തരെയോ കാത്തിരിക്കുന്നു .
എത്രനാൾ ഞാൻ നിന്നെ കാക്കണം ?
എത്രനാൾ ഞാൻ നിന്നെ ഓർക്കണം ?
നിന്നോർമ്മ  എന്നെ നയിക്കുന്നു
നിൻ സ്നേഹം എന്നെ വളർത്തുന്നു
ഈ ശൂന്യത എന്നെ തളർത്തുന്നു
ഒരു വാക്കുചൊല്ലാതെ നീ മറഞ്ഞു , പറയൂ ..
എത്രനാൾ ഞാൻ നിന്നെ കാക്കണം ?
എത്രനാൾ ഞാൻ നിന്നെ ഓർക്കണം ?
ഇരുൾമറയത്താരെയോ കാത്തിരിക്കാം...
എൻ അസ്തമനംവരെയും ഞാൻ ....